ആതുരസേവന മേഖലയെ ഞെട്ടിച്ച് ഡോക്ടരുടെ കൊടും ക്രൂരത. 600 ലധികം രോഗികളില്‍ നിലവാരമില്ലാത്ത പേസ്മേക്കറുകള്‍ ഘടിപ്പിക്കുകയും ഇവരില്‍ 200 രോഗികള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. യുപിയിലെ ഇറ്റാവ ജില്ലയിലെ സൈഫായി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. സമീര്‍ സറാഫ് എന്നയാളാണ് അറസ്റ്റിലായത്. 2017 നും 2021 നും ഇടയിലാണ് ഇയാള്‍ അറുന്നൂറിലധികം രോഗികളില്‍ നിലവാരമില്ലാത്ത പേസ്മേക്കറുകള്‍ ഘടിപ്പിച്ചത്. ചില രോഗികളില്‍ ഘടിപ്പിച്ച പേസ് മേക്കറുകള്‍ രണ്ട് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഉയര്‍ന്ന തുക ഈടാക്കിയാണ് നിലവാരമില്ലാത്ത പേസ്മേക്കറുകള്‍ ഡോക്ടര്‍ രോഗികളില്‍ ഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് പരാതി ഉയന്നതോടെ തന്നെ 2021 ല്‍ മെഡിക്കല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. രാജ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡോക്ടര്‍ സറാഫ് ഉപയോഗിച്ചത് കുറഞ്ഞ വിലയ്ക്ക് പ്രാദേശികമായി ലഭിക്കുന്ന പേസ് മേക്കറുകളാണെന്ന് കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. സര്‍റാഫ് കുടുംബത്തോടൊപ്പം അഞ്ച് തവണ വിദേശയാത്ര നടത്തിയതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്ന കമ്പനികളാണ് ഈ യാത്രകള്‍ സ്പോണ്‍സര്‍ ചെയ്തതെന്നാണ് ആരോപണം. ഡോക്ടര്‍ സമീര്‍ സറാഫിനെതിരെ വിശദമായ അന്വേഷണം തുടരുകയാണ്. എത്ര രോഗികള്‍ വഞ്ചിതരായി എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇറ്റാവ ഡെപ്യൂട്ടി എസ്പി നാഗേന്ദ്ര ചൗബെ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് രേഖപ്പെടുത്തിയതായും എസ്എസ്പി സഞ്ജയ് കുമാര്‍ പറഞ്ഞു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ ഡോക്ടറെ ഹാജരാക്കി.