ബബിയയുടെ പിൻഗാമി എത്തിയതറിഞ്ഞ് അനന്തപുരം ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം;മുതല ഊട്ട് നിവേദ്യ വഴിപാട് കമ്മിറ്റി ആലോചിച്ച് നടപ്പാക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ;അനന്തപുരത്തെ മുതല വിസ്മയം തുടരുമ്പോൾ

കാസർകോട്:കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെത്തിയെന്ന വാർത്തയറിഞ്ഞ് ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹം.കൊല്ലം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുവരെ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.ക്ഷേത്ര പാർക്കിംഗ് വാഹനങ്ങൾ കൊണ്ട്  നിറഞ്ഞ് കവിഞ്ഞു.മുതലയെ ആദ്യം കണ്ട ചില ഭക്തർ ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെ ധരിപ്പിച്ചെങ്കിലും അധികൃതർ ഇക്കാര്യം മുഖവിലക്കെടുത്തില്ല. ഒടുവിൽ കാഞ്ഞങ്ങാട് നിന്നുള്ള സംഘം ക്ഷേത്രത്തിൽ എത്തി മുതലയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി. ഇന്നലെയാണ് വീഡിയോ പകർത്തിയത്. ഇവർ തന്നെ ക്ഷേത്ര മാനേജരടക്കമുള്ളവരെ വിളിച്ചുവരുത്തി മുതലയെ കാണിച്ചുകൊടുത്തു. ഒടുവിൽ ക്ഷേത്ര ഭാരവാഹികൾ ഇക്കാര്യം സ്ഥിരീകരിച്ചു.പിന്നാലെ ക്ഷേത്രം അധികൃതർ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിൽ നൽകി. ഇടത്തരം വലുപ്പമുള്ള മുതലയെ ക്ഷേത്രത്തിലെ തടാകത്തിൽ ആണ് കണ്ടത്. പ്രധാന ക്ഷേത്രത്തിലെ തടാകത്തോട് ചേർന്നുള്ള ചെറിയ ഗുഹാമുഖത്ത് ആണ് മുതലയുടെ സാന്നിധ്യം ഉള്ളതെന്ന് ക്ഷേത്രം മാനേജർ ലക്ഷമണ ഹെബ്ബാർ പറഞ്ഞു. മുതലഊട്ട് വഴിപാട് പുനസ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ കമ്മിറ്റി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കാരവൽ ഡെയിലിയോട് പറഞ്ഞു. മുതല വന്നതിൽ അതീവ സന്തോഷമെന്നായിരുന്നു കൊല്ലം ജില്ലയിൽ നിന്നെത്തിയ തീർത്ഥാടക സുനിതയുടെ പ്രതികരണം.വിവരം കേട്ടറിഞ്ഞാണ് ക്ഷേത്രത്തിൽ ആദ്യമായി എത്തിയതെന്നും ഇവർ പറഞ്ഞു. 2024 ഫെബ്രുവരി 27ന് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിന് മുമ്പായി തന്നെ മുതല എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു ഭരണസമിതിക്ക്. അതിനിടയിലാണ് മുതല പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ വീണ്ടും മുതല എത്തുമെന്ന് തെളിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കഴിഞ്ഞ ഒക്ടോബർ 9 നാണ് ബബിയ എന്ന മുതല ഓര്‍മയായത്.ബബിയയുടെ സമാധി സ്ഥലം കാണാൻ  നിരവധി വിശ്വാസികൾ എത്തുന്നുണ്ട്.തിരുവന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്.  1945ൽ ക്ഷേത്രത്തിലെ തടാകത്തിലുണ്ടായിരുന്ന മുതലയെ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് കടന്ന ബ്രിട്ടീഷ് സൈനികൻ വെടിവച്ചുകൊന്നതായും എന്നാൽ ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page