കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എ പീതാംബരിന് കോടതി ഒരു ദിവസത്തെ കസ്റ്റഡി പരോള്‍ അനുവദിച്ചു. രോഗിയായ മാതാവിനെ കാണാനാണ് കോടതിയുടെ അനുമതി. നവംബര്‍ 18 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് കര്‍ശന ഉപാധികളോടെ പരോള്‍ അനുവദിച്ചത്. മാതാവിനെയും ഭാര്യയെയും രണ്ടു മക്കളെയും പരിചാരകയെയും മാത്രമേ കാണാന്‍ പാടുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ മറ്റ് ആളുകളുമായി ആശയം വിനിമയം നടത്തുവാനോ പാടില്ല. ഏതെങ്കിലും തരത്തില്‍ ആള്‍ക്കൂട്ടം കണ്ടാല്‍ പരോള്‍ റദ്ദാക്കാനും കോടതി ഉത്തരവുണ്ട്. പൊലീസ് സംരക്ഷണത്തോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ 24 പ്രതികളാണുള്ളത്. എ.പീതാംബരനാണ് ഒന്നാം പ്രതി. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ആയുധ നിരോധന നിയമം, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
