കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിറകെ നാട്ടുകാരെ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂര്‍ പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15 ഓടെ തലശേരി പുന്നോൽ പെട്ടിപ്പാലത്താണ് സംഭവം. വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ഭഗവതി ബസ് ഇടിച്ചാണ് കാൽനടയാത്രക്കാരന് പരിക്കേറ്റത്. വടകരയില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്നയാളെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ആളുകൾ തടിച്ചുകൂടിയിരുന്നു. നാട്ടുകാര്‍ ആക്രമിക്കുമെന്ന് ഭയന്ന് ബസില്‍ നിന്ന് ഇറങ്ങിയോടിയ ജീജിത്തിനെ, സമീപത്തെ ട്രാക്കിലൂടെയെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നു.
സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ജീജിത്ത് മരണപ്പെട്ടിരുന്നു. ജീജിത്തിന്‍റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പരുക്കേറ്റ മുനീര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗത കുരുക്ക് ഉണ്ടായി. വാസുവിന്റെയും നളിനിയുടെയും മകനാണ് ജിജിത്ത്. ഭാര്യ തുളസി. മക്കൾ: അൻസീന, പരേതയായ നിഹ.
