പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശസ്ത പുലിക്കളി സംഘം ഉടമയെ വിളിച്ചുകൊണ്ടുപോയി വെട്ടിക്കൊന്നു. സംഭവത്തിനുശേഷം രണ്ടു പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തിങ്കളാഴ്ച രാത്രി 11.30ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കര്‍ണാടക പുത്തൂര്‍, വിവേകാനന്ദ കോളേജിനു സമീപത്തെ ചന്ദ്രശേഖരയുടെ മകന്‍ അക്ഷയ് (24)ആണ് കൊല്ലപ്പെട്ടത്. ബിഗ്ബോസ് ടി.വി ഷോയില്‍ അടക്കം പുലിക്കളി അവതരിപ്പിച്ച ഭകല്ലേഗ ടൈഗേര്‍സ്’ എന്ന പുലിക്കളി സംഘത്തിന്റെ ഉടമയാണ് അക്ഷയ്. തിങ്കളാഴ്ച വൈകുന്നേരം പുത്തൂരില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. അക്ഷയ്യുമായി ബന്ധമുള്ള ഒരാള്‍ക്ക് കാല്‍നടയാത്രയ്ക്കിടയില്‍ ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടിച്ചിരുന്ന ബൈക്കാണ് ഇടിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സിച്ചതുവഴി 1800 രൂപ ചെലവായിരുന്നു. ഇതിന്റെ കൂടെ 200 രൂപ കൂട്ടിച്ചേര്‍ത്ത് 2,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ബൈക്ക് യാത്രക്കാരനോട് അക്ഷയ് നിര്‍ദ്ദേശിച്ചിരുന്നതായി പറയുന്നു. തുക നല്‍കുന്നതിനു രാത്രി 11.30മണിയോടെ സംഘം അക്ഷയ്യെ നെഹ്റു നഗറിലേയ്ക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം കൊടുവാളുമായി യുവാവിനെ അക്രമിക്കുകയായിരുന്നു. ഇതോടെ അക്ഷയ് വിവേകാനന്ദ കോളേജ് റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന അക്രമികള്‍ കാനറാ ബാങ്ക് എടിഎമ്മിനു അടുത്തുവച്ച് വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ അക്ഷയ്യുടെ പുലിക്കളി സംഘത്തില്‍ നിന്നു പിണങ്ങിപ്പോയ ആളും സംഘത്തിലുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ബേന്നൂറിലെ ചേതന്‍, മഞ്ജുനാഥ, പടീലിലെ മനീഷ് മണിയാണി എന്നിവര്‍ പുത്തൂര്‍ പൊലീസില്‍ കീഴടങ്ങി. കേശവന്‍ എന്നയാളെ തെരയുന്നു. നഹ്റു നഗര്‍ മുതല്‍ കൊലപാതകം നടന്ന എ.ടി.എം കൗണ്ടര്‍ പരിസരം വരെ വിവിധ സ്ഥലങ്ങളില്‍ ചോര തുള്ളികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു.
കുസുമയാണ് മാതാവ്.