മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിച്ചതില്‍ അതൃപ്തി; സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമനത്തില്‍ അതൃപ്തി. പ്രവര്‍ത്തകര്‍ സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ റോഡില്‍ തടഞ്ഞു. മണ്ഡലത്തിലെ നേതാക്കളോടോ പ്രവര്‍ത്തകരോടോ ആലോചിക്കാതെയും നിയമനത്തിന് മുമ്പ് എം.പി യുടെ നേതൃത്വത്തില്‍ നടത്താറുള്ള യോഗം ചേരാതെയും ഡി.സി.സി പ്രസിഡന്റ് സ്വന്തം നിലക്ക് നിയമനം നടത്തിയതായും ഇത് ഗുരുതരമായ വീഴ്ച്ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി ഭാരവാഹികളായ സാജിദ് മൊവ്വല്‍, പ്രഭാകര്‍ എന്നിവരെ ഹൊസങ്കടിയില്‍ തടഞ്ഞത്. വിഷയത്തില്‍ നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെതുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച് അറുപതോളം പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞയാഴ്ച പ്രവര്‍ത്തകര്‍ ഹൊസങ്കടിയില്‍ ഉമ്മര്‍ ഷാഫിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന നേതാക്കളും നാല്‍പതോളം പ്രവര്‍ത്തരും യോഗത്തില്‍ പങ്കെടുത്തു. സജീവ പ്രവര്‍ത്തകനല്ലാത്ത ബി.എം മന്‍സൂറിനെ പ്രസിഡന്റാക്കിയത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ മന്‍സൂറിന്റെ ഇടപെടല്‍ ഉണ്ടായെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി ശ്രമിച്ചുവെന്നും യോഗത്തില്‍ പ്രവര്‍ത്തകര്‍ തുറന്നടിച്ചു. ആരോപണ വിധേയനായ വ്യക്തിയായതിനാല്‍ പ്രവര്‍ത്തകര്‍ക്കും യു.ഡി.എഫിനും ഇദ്ധേഹത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി. പുതിയ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്നും എത്രയും വേഗം ഡി.സി.സി പ്രശ്‌നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് പന്ത്രണ്ടോളം പ്രവര്‍ത്തകര്‍ ഡി.സി.സിയില്‍ പരാതി ബോധിപ്പിച്ചിട്ടും ഇത് മുഖവിലക്കെടുക്കാതെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം നടത്തുകയായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page