കാസര്‍കോട്: വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നു അഞ്ചുപവന്‍ സ്വര്‍ണ്ണമാല കവര്‍ന്നു. പുല്ലൂര്‍, വിഷ്ണുമംഗലം സ്വദേശി പി.മാധവന്‍ നായരുടെ ഭാര്യ സുലോചനയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ അമ്പലത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടേ മാധവന്‍ നായരുടെ വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെയുള്ള ശശിധരന്റെ വീട്ടിലും കവര്‍ച്ചാശ്രമം ഉണ്ടായി. ശശിധരന്റെ ഭാര്യയും കാസര്‍കോട്ടെ കോടതി ജീവനക്കാരിയുമായ രഞ്ജിനി ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഇറങ്ങി ഓടുകയായിരുന്നു. രണ്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇവിടെ കവര്‍ച്ച പരാജയപ്പെട്ടപ്പോഴാണ് മാധവന്‍ നായരുടെ വീട്ടിലെത്തിയതെന്നു സംശയിക്കുന്നു. നെല്ലിത്തറ, എക്കാലിലും സമാനരീതിയിലുള്ള കവര്‍ച്ചാശ്രമം നടന്നു. ബിനുവിന്റെ വീട്ടിലെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കഴുത്തില്‍ നിന്നു മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണര്‍ന്നതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. എന്നാല്‍ അതിനു മുമ്പ് പഴ്സില്‍ ഉണ്ടായിരുന്ന 3500 രൂപ കവര്‍ച്ചക്കാര്‍ കൈക്കലാക്കിയിരുന്നു. ബിനുവിന്റെ അയല്‍വാസിയും വിമുക്ത ഭടനുമായ എ.ബാബുവിന്റെ വീട്ടിലും കവര്‍ച്ചാശ്രമം ഉണ്ടായി. ഇവിടെ നിന്നു രണ്ടു ഹെല്‍മറ്റുകള്‍ മോഷണം പോയി. ഇവയിലൊന്ന് ബിനുവിന്റെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.