കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്.മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന് ഐപിസി 153, 153 A, 120 O KP നിയമം എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെൽ എസ്ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടേത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തിൽ പ്രതികരിച്ചത്. വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടുംവിഷമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അത് ഒരു ആക്ഷേപമല്ല ഒരു അലങ്കാരമായിട്ടാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.