കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ എസ്എച്ച്ഒ, കാസര്‍കോട് ഡി.ഡി എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോട്ടമല എംജിഎം എ.യു.പി സ്‌കൂളില്‍ ഈ മാസം 19 ന് നടന്ന സംഭവത്തില്‍ പ്രധാനധ്യാപകയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയുടെ മുടി അധ്യാപിക പരസ്യമായി മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി സ്‌കൂളില്‍ പോയില്ല. മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ചിറ്റാരിക്കാല്‍ പൊലീസാണ് പ്രധാനധ്യാപിക ഷേര്‍ളി ജോസഫിനെതിരെ കേസെടുത്തത്. അതിനിടേ സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി. പട്ടിക വര്‍ഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
