മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി ; മകളെ പോലെയാണ് കണ്ടതെന്നും വിശദീകരണം


തിരുവനന്തപുരം:മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി.ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോള്‍ വശത്തേക്ക് മാറ്റിപ്പോകാന്‍ ശ്രമിച്ചതെന്നാണു വിശദീകരണം. ഇങ്ങനെയെങ്കില്‍ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതികരണത്തിൻ്റെ പൂർണ്ണ രൂപം.’എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശവുമില്ല. സോറി പറയാന്‍ ഞാന്‍ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്ബോള്‍ ഞാന്‍ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങുകയായിരുന്നു. എനിക്കു പോകാന്‍ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കില്‍ ഇനി മാധ്യമങ്ങളെ കാണില്ല.

ഞാന്‍ ഒരച്ഛനായി മാപ്പുപറയും. ഞാന്‍ ഒരച്ഛനായി മാത്രമേ പെരുമാറിയിട്ടുള്ളൂ. അച്ഛന്‍ എന്ന നിലയ്ക്കു തന്നെ മാപ്പുപറയും. എന്റെ മകളെ പേലെയാണ് കണ്ടത്. മൂന്നു പെണ്‍കുട്ടികളുള്ള ആളാണ് ഞാന്‍. പൊതുസ്ഥലത്ത് ഞാന്‍ അങ്ങനെ പെരുമാറുമോ?’ അദ്ദേഹം ചോദിച്ചു.

ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്ബോഴായിരുന്നു സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുമ്ബോള്‍ അവര്‍ അതു തട്ടിമാറ്റി.ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തക അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page