കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല.കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കും.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക് പണം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണുമാണ് നല്‍കിയത്. സുന്ദര തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശ് ആണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്.ഇതാദ്യമായാണ് ഈ കേസിൽ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരാകുന്നത്.