അജാനൂര്‍ പഞ്ചായത്തില്‍ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം; ഇരുപതോളം വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു

കാസര്‍കോട്: ശനിയാഴ്ച വൈകീട്ട് എട്ടുമണിയോടുകൂടി ഉണ്ടായ ഇടിമിന്നലില്‍ അജാന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് വീണച്ചേരിയില്‍ കനത്ത നാശനഷ്ടം. ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട് പൂര്‍ണ്ണമായും അഞ്ചോളം വീടുകള്‍ ഭാഗികമായും നാശനഷ്ടത്തിനിരയായി. വീണ ചേരിയിലെ വി.നാരായണിയുടെ വീട് ഭാഗികമായി തകര്‍ന്നു. ആളപായം ഉണ്ടായില്ല. വീട്ടിലെ ടി.വി. മോട്ടോര്‍, ഫാന്‍ എന്നിവ കത്തി നശിച്ചു. നാലുതെങ്ങുകള്‍ക്കും ഇടിമിന്നലില്‍ നഷ്ടം സംഭവിച്ചു. വി.ശൈലജയുടെ വീടിനും ഭാഗികമായി നാശനഷ്ടം ഉണ്ടായി. ടി.വി, മോട്ടോര്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയും വയറിങ് പൂര്‍ണമായും കത്തി നശിച്ചു. മോഹനന്റെ വീടിനും ഭാഗികമായി നാശ നഷ്ടം ഉണ്ടായി. വീണച്ചേരി വടക്കേവീട് തറവാട്ടിലും ഇടിമിന്നലില്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വയറിങ് പൂര്‍ണമായി കത്തി നശിച്ചു. സി.മറിയം, അബ്ദുല്‍ ഗഫൂര്‍, കുട്ടിയമ്മ, അനീസ്, അന്‍സാര, മുരളി, ബി. മൊയ്തു, പുഷ്പലത, ടി.ബി. നാരായണന്‍, ടി.കൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കും നാശമുണ്ട്.
കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, വില്ലേജ് ഓഫീസര്‍ പ്രദീപ് കുമാര്‍, പൊതുപ്രവര്‍ത്തകരായ വി.വി.തുളസി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാശ നഷ്ടങ്ങളുടെ വിവരം ശേഖരിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നാശനഷ്ടത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page