ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ് ഇപ്പോള്‍. ദിനംപ്രതി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകള്‍ പുറത്തുവരികയാണ്. തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങളയച്ച് പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തട്ടിപ്പിന്റെ വഴികള്‍ അറിയാം.
‘നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല, ആയതിനാല്‍ ഇന്ന് രാത്രിയോടുകൂടി കണക്ഷന്‍ വിച്ഛേദിക്കും’- എന്നുപറഞ്ഞുകൊണ്ടാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതുകണ്ട് ആശയകുഴപ്പത്തിലാകുന്നവര്‍ നിരവധിയാണ്. അവര്‍ പറയുന്ന ഗൂഗിള്‍ പേ നമ്പറിലേക്കോ മറ്റു ലിങ്കുകളിലേക്കോ ബില്ല് അടയ്ക്കാനായി ശ്രമിക്കും. ഇതിനായി സന്ദേശത്തിന് താഴെ ലിങ്കുകളും നല്കിയിട്ടുണ്ടാവും. നിയമാനുസൃതമാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സന്ദേശങ്ങള്‍ ഉണ്ടാകുക. ഔദ്യോഗിക ലോഗോകളും ഭാഷയും ഇവര്‍ ഉപയോഗിച്ചേക്കാം. സ്വീകര്‍ത്താവിന്റെ പേരും അക്കൗണ്ട് നമ്പറും അവര്‍ ഉള്‍പ്പെടുത്തിയേക്കാം. ഇത് യഥാര്‍ത്ഥ സന്ദേശങ്ങളും വഞ്ചനാപരമായ സന്ദേശങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇതോടെ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും വിളിക്കുകയുംചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വിജയകരമായി തട്ടിപ്പുകാര്‍ ചോര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വ്യാജ എസ്എംഎസോ സന്ദേശമോ ലഭിച്ചിട്ടുണ്ടെങ്കില്‍, അതില്‍ കൊടുത്ത നമ്പറില്‍ വിളിക്കുകയോ ഈ സന്ദേശങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നാണ് അധികൃതര്‍ പറയുന്നത്. ടീം വ്യൂവര്‍ ക്വിക്ക് സപ്പോര്‍ട്ട് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ആണ് നല്‍കുന്നത്. ഇതിലൂടെയാണ് തട്ടിപ്പുകാര്‍ പണം തട്ടുന്നത്. ഇത്തരത്തില്‍ കാസര്‍കോട് സ്വദേശിക്ക് കോള്‍ വന്ന നമ്പര്‍ ഇതാണ് 9334832080. ട്രൂകോളറില്‍ കെ.എസ്.ഇ.ബി ഓഫീസ് എന്നും കണ്ടു. ജയ്പൂര്‍, ജംതാര, കൊല്‍ക്കത്ത, മുംബൈ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 22 സ്ഥലങ്ങളില്‍ നിന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ.എസ്.ഇ ബി അധികൃതര്‍ പറയുന്നു.
എങ്ങനെ സുരക്ഷിതമായി തുടരാം
വൈദ്യുതി ബില്ല് കുടിശ്ശികയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ടെക്സ്റ്റ് സന്ദേശമോ ഇമെയിലോ ലഭിക്കുകയാണെങ്കില്‍, ഇലക്ട്രിസിറ്റി ഓഫീസില്‍ നേരിട്ടെത്തുക.
സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളിലൂടെയോ ഫോണ്‍ നമ്പറുകളിലൂടെയോ പണമിടപാടുകള്‍ നടത്തരുത്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ പോലുള്ള വ്യക്തിഗത വിവരങ്ങളും അവര്‍ ആവശ്യപ്പെട്ടേക്കാം. ഇങ്ങനെ ഏതെങ്കിലും അടങ്ങിയ ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, അത് ഒരു തട്ടിപ്പാണ് എന്ന് മനസിലാക്കുക.
സംശയാസ്പദമായ സന്ദേശങ്ങള്‍ കണ്ടാല്‍ ഇലക്ട്രിസിറ്റി ഓഫീസറെയും പൊലീസിനെയും ബന്ധപ്പെടുക.