മംഗളൂരു: 26 ഗ്രാം എംഡി എം എ മയക്കുമരുന്നുമായി നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിലായി. ഉള്ളാളിൽ താമസിക്കുന്ന പോക്കർ അസീസ് എന്ന അബ്ദുൾ അസീസി(42) നെയാണ് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. കാറിലാണ് യുവാവ് മയക്കുമരുന്ന് കടത്തിയത്. 1,30,000 രൂപ വിപണി വിലയുള്ള 26 ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ആണ് കാറിൽ നിന്നും കണ്ടെത്തിയത്. കടത്താൻ ഉപയോഗിച്ച വാഹനം, 2 മൊബൈൽ ഫോണുകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ മംഗളുരു സിസിബി പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കൊണാജെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി മയക്കുമരുന്ന് വിൽപന കേസുകളിൽ പ്രതിയാണ് അസീസ്. സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുന്ന്. മയക്കുമരുന്ന് കടത്തിൽ നിരവധി പേർക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഉള്ളാൾ, കൊണാജെ, കാപ്പ് പൊലീസ് സ്‌റ്റേഷനുകളിൽ ഏഴ് മയക്കുമരുന്ന് കേസുകളുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ജയിൽ ജീവനക്കാരെ ആക്രമിച്ചതിന് ഇയാൾക്കെതിരെ വധശ്രമത്തിനും കേസെടുത്തിരുന്നു.
