ബംഗളൂരു: സാമ്പാറിന് എരിവ് കൂടി എന്ന് പറഞ്ഞതിന് അച്ഛനെ മകൻ തല്ലിക്കൊന്നു. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38)അറസ്റ്റിലായി. താനുണ്ടാക്കിയ സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ ചിട്ടിയപ്പയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കർണാടകയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യ നേരത്തെ മരിച്ച ചിട്ടിയപ്പ മക്കള്‍ക്കൊപ്പമായിരുന്നു താമസം. മൂത്ത മകന്‍റെ ഭാര്യയാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാൽ മൂത്തമകനും മരുമകളും അടുത്തിടെ ബന്ധുവീടുകൾ സന്ദർശിക്കാനായി പോയി. കുറച്ച് ദിവസമായി ഇവർ ബന്ധു വീടുകളിലായിരുന്നു. അതുകൊണ്ട് മകനാണ് ഭക്ഷണം ഒരുക്കിയിരുന്നത്. സംഭവ ദിവസം ചോറിന് കറിയായി സാമ്പാറാണ് ഉണ്ടാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയെന്നാരാപിച്ച് ചിട്ടിയപ്പ മകനെ നന്നായി വഴക്കു പറഞ്ഞിരുന്നു. കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദർശനെ ചിട്ടിയപ്പ നിരവധി തവണ അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ദർശൻ അച്ഛനെ മർദിക്കുകയായിരുന്നു. അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവരമറിഞ്ഞെത്തിയ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്ത് ദർശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
