വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ നിറവില്‍; നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാന്റിലും ആഘോഷം

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ നിറവില്‍. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വിഎസ് എട്ടുപതിറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തില്‍ നിര്‍ണ്ണായക സാന്നിധ്യമായി നിലകൊണ്ടു.വിഎസിൻ്റെ രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലെ നായകനായിരുന്നു വി.എസ്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷന്‍, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1964 ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍.ആരോഗ്യ പ്രശ്നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായതിനാല്‍ ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ ഇല്ല. വീട്ടില്‍ പായസം വയ്ക്കും. കേക്ക് മുറിക്കലുമുണ്ടാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ വി സുധാകരന്‍ രചിച്ച വി എസ് അച്യുതാനന്ദന്റെ പൊതുപ്രവര്‍ത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം ‘ ഒരു സമര നൂറ്റാണ്ട് ‘ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ബ്രിട്ടീഷ് ഭരണത്തില്‍ കയര്‍-കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊടിയ മര്‍ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വിധേയനായി.

കാസര്‍കോട്: വിപ്ലവ സൂര്യന്‍ വി.എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനാഘോഷം നീലേശ്വരം ബസ്റ്റാന്റിലെ വി.എസ് ഓട്ടോ സ്റ്റാന്റില്‍ സംഘടിപ്പിച്ചു. കതിനവെടി മുഴക്കിയും പായസ വിതരണത്തോടു കൂടിയുമാണ് പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷം സിപിഎം നീലേശ്വരം ഏരിയാ കമ്മറ്റി അംഗവും നഗരസഭ വൈസ് ചെയര്‍മാനുമായ പി.പി മുഹമ്മദ് റാഫി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.വത്സല, ഏരിയാ കമ്മറ്റി അംഗം ശശീന്ദ്രന്‍ മടിക്കൈ, മടിക്കൈ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍ മാസ്റ്റര്‍, നീലേശ്വരം ലോക്കല്‍ കമ്മറ്റി അംഗം കെ.വി.വേണു ഗോപാല്‍, പി.വി. ശൈലേഷ് ബാബു, ഇ.കെ. സുനില്‍, സി. അമ്പുരാജ്, ഹരീഷ് കരുവാച്ചേരി, ബൈജു കൊലപ്പള്ളി, പ്രജീഷ് പാലായി, സുനില്‍ കുട്ടന്‍, ജയന്‍ കുഞ്ഞാലിന്‍കീഴില്‍, ഗംഗന്‍ പുതുക്കൈ, ചന്ദ്രന്‍ ബങ്കളം, രാജീവന്‍ പുതുക്കൈ, ഗോപാലന്‍ അങ്കകളി, ശ്രീജിത്ത് ബങ്കളം മഹേഷ് പട്ടേന, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷം തല്‍സമയം ജനങ്ങളിലേക്ക് എത്തിക്കാന്‍ ദേശീയ ദൃശ്യ മാധ്യമങ്ങളും വി.എസ്. ഓട്ടോസ്റ്റാന്റില്‍ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page