വോർക്കാടി മോഡൽ മിയാപദവ്‌ സഹകരണ ബാങ്കിലും; നേതൃത്വത്തിൻ്റെ  മുന്നറിയിപ്പിന് പുല്ലുവില കോ.മാ.ലീ കൂട്ടുകെട്ട്‌ മത്സരത്തിന്

കാസർകോട് : സഹകരണ സംഘങ്ങളെ കൊള്ളയടിക്കുന്ന സിപിഎമ്മുമായി സഹകരണ ബാങ്കുകളിലേക്കുളള തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ്സുകാര്‍ സഹകരിക്കരുതെന്നു സംസ്ഥാന കമ്മിറ്റി അന്ത്യശാസനം നല്‍കിയതിനു പിന്നാലെ മീഞ്ച പഞ്ചായത്തിലെ മിയാപദവ്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസും, മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും, ലീഗും ചേര്‍ന്നു മുന്നണി രൂപീകരിച്ചു. സിപിഐയും കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പും സഖ്യത്തിനു  ഒപ്പമുണ്ട്. .
അടുത്തിടെ നടന്ന വൊര്‍ക്കാടി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം മത്സരിച്ചിരുന്നു. അവിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ബി.ജെ.പിയും ചേര്‍ന്നു 11 ഡയറക്‌ടര്‍ സ്ഥാനവും പിടിച്ചെടുത്തു. ഇതിനു പിന്നാലെയായിരുന്നു കെ.പി.സി.സിയുടെ നിർദേശം. 29നാണ്‌ തെരഞ്ഞെടുപ്പ്‌.
ഇതു സംബന്ധിച്ച്‌ ഇന്നലെ മിയാപദവ്‌ മാര്‍ക്കറ്റ്‌ ഹാളില്‍ ചേര്‍ന്ന കോണ്‍-മാര്‍ക്‌സിസ്റ്റ്‌-ലീഗ്‌ മുന്നണി തെരഞ്ഞെടുപ്പു യോഗം കോണ്‍ മഞ്ചേശ്വരം ബ്ലോക്ക്‌ പ്രസിഡണ്ട്‌ പി.സോമപ്പ ഉദ്‌ഘാടനം ചെയ്‌തു. സി.പിഎം നേതാവ്‌ രാമചന്ദ്ര ആധ്യക്ഷ്യം വഹിച്ചു. ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വഹീദ്‌ കൊടേലു, മണ്ഡലം കോണ്‍ പ്രസിഡണ്ടായിരുന്ന ഇഖ്‌ബാല്‍, സി.പി.എം നേതാക്കളായ സദാശിവ റൈ, ബാലപ്പ, കമലാക്ഷ, കേരള കോണ്‍ എം.നേതാവ്‌ മൗറീസ്‌ എന്നിവര്‍ പങ്കെടുത്തു. സഖ്യത്തിന്‌  സമര്‍ത്ഥ മുന്നണിയെന്നും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു നമ്മുടെ സമര്‍ത്ഥരായ സ്ഥാനാര്‍ത്ഥികളെന്നും സഖ്യം പറയുന്നുണ്ട്‌. എന്നാല്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും പാര്‍ട്ടിയും ലീഗും ചേരുമ്പോള്‍ കോമാളി സഖ്യമാണുണ്ടാവുന്നതെന്നു പ്രവര്‍ത്തകരും പറയുന്നു.
സഹകരണ മേഖല സംസ്ഥാനതലത്തില്‍ സിപിഎമ്മിനു തലവേദന ഉണ്ടാക്കിക്കൊണ്ടിരിക്കെ മഞ്ചേശ്വരം മേഖലയില്‍ അതു ഇരുമുന്നണികള്‍ക്കും ഘടകക്ഷികള്‍ക്കും കടുത്ത പ്രതിസന്ധിയാവുകയാണ്‌.
വൊര്‍ക്കാടി സഹ.ബാങ്ക്‌ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ രണ്ടായി പിളർന്നു. മിയാപദവില്‍ കോണ്‍ഗ്രസിന്‌ സ്വാധീനം കുറവാണ്. തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന പൈവളികയില്‍ ഇടതു മുന്നണി ഘടകകക്ഷികളായ സിപി.എമ്മും സിപിഐയും ഇടഞ്ഞു നില്‍ക്കുകയാണ്‌. ജില്ലാ നേതൃത്വം ഇടപെട്ടാലും അടിത്തട്ടില്‍ പോരാട്ടം തുടരുമെന്നുറപ്പാണ്‌. മുസ്ലീംലീഗില്‍ രണ്ടു ചേരിയുണ്ടായിരുന്നത്‌ ഇപ്പോള്‍ മൂന്നായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page