തുലാം പിറന്നു, വടക്കൻ കേരളത്തിലെ കൃഷിക്കാലത്തിന് തുടക്കം കുറിച്ച് വലിയ വളപ്പിൽ ചാമുണ്ഡി തിമിരി വയലിൽ വിത്തെറിഞ്ഞു

കാസർകോട് : തുലാം പിറന്നതോടെ ചായില്യങ്ങളുടെ ആധിക്യമില്ലാതെ കുരുത്തോല തിരുമുടിയണിഞ്ഞ് വലിയവളപ്പില്‍ ചാമുണ്ഡി തിമിരി വയലില്‍ വിത്ത് വിതച്ചു.ഇതോടെ വടക്കന്‍ കേരളത്തില്‍ കൃഷിക്കാലത്തിന് തുടക്കമായി. പത്താമുദയത്തിന് ശേഷമാണ് ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങളും കളിയാട്ടങ്ങളും തുടങ്ങുന്നതെങ്കിലും തുലാം പിറക്കുന്ന ദിവസമാണ് തിമിരി കൊട്ടിലിൽ നിന്ന് വയലിൽ ചാമുണ്ഡിയുടെ പുറപ്പാട് നടക്കുന്നത്. മുഖം മറയ്ക്കും വിധം കുരുത്തോലയും വട്ടമുടിയും ധരിച്ച് കൈയില്‍ വാളും പരിചയുമേന്തിയാണ് തിമിരി വയലിലെത്തിയ വലിയവളപ്പില്‍ ചാമുണ്ഡി വിത്ത് എറിഞ്ഞത് . തുലാപ്പിറവി ദിനമായ ബുധനാഴ്ചയാണ് തെയ്യം വയലിലെത്തിയത്. കർഷകന്റെ ജീവിത നന്മയ്ക്കായി പാടത്ത് പൊൻ കതിര് വിളയട്ടെ എന്ന മൊഴി പറഞ്ഞ് ചാമുണ്ഡി വയലിലേക്ക് വിത്ത് വിതറിയതോടെ തെയ്യാട്ടത്തിനൊപ്പം കാർഷിക ഉത്സവത്തിനും തുടക്കം കുറിക്കുന്ന ചടങ്ങായി അത് മാറി. കുരുത്തോല കൊണ്ടുള്ള തിരുമുടിയും അരയോടയും ചെമ്പട്ടുമണിഞ്ഞ തെയ്യം പഴയ ഗോത്ര പാരമ്പര്യവഴിയിലാണ് സഞ്ചാരം നടത്തിയത്. പഴയ ജന്മി തറവാടുകളായ താഴക്കാട്ട് മനയും പൂവളപ്പും സന്ദര്‍ശിച്ച ശേഷം വീടുകള്‍ കയറിയിറങ്ങി. തുടർന്ന് ക്ഷേത്രത്തിൽ കാലിച്ചാൻ തെയ്യവും അരങ്ങിലെത്തിയിരുന്നു. തട്ടകത്തിലെത്തിയ ദേവതയെ കാണാൻ ഒട്ടേറെ ഭക്തർ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page