കാസർകോട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. മഞ്ചേശ്വരം കീർത്തേശ്വര സ്വദേശി അജയകുമാറിന്റെ ഭാര്യ നവ്യശ്രീ (27) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് യുവതിയുടെ മരണം. യുവതിയുടെ ആദ്യപ്രസവമായിരുന്നു. ഈ മാസം 11നാണ് യുവതിയെ പ്രസവത്തിനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയനിലൂടെ നാല് ദിവസം മുമ്പ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ യുവതിയെ മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്നു ഉച്ചയോടെ മരിക്കുകയായിരുന്നു. മംഗളൂരു തുംബൈ സ്വദേശിനിയാണ് നവ്യശ്രീ. ഒരു വർഷം മുമ്പാണ് നവ്യശ്രീ യുടെയും അജയകുമാറിന്റെയും വിവാഹം കഴിഞ്ഞത്. മാതാവ് നഷ്ടപ്പെട്ട കുഞ്ഞ് ഇപ്പോൾ ബന്ധുക്കളുടെ പരിചരണയിൽ കഴിയുകയാണ്.
