കാസര്‍കോട്: അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വീരമൃത്യുവരിച്ച കിഴക്കേമുറിയിലെ കെ വി അശ്വിന് വീട്ടുവളപ്പില്‍ സ്മാരകം ഉയര്‍ന്നു. അശ്വിന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. നാടിന്റെ നിറസാന്നിധ്യമായിരുന്ന അശ്വിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കുടുംബമാണ് സ്മാരകം നിര്‍മിച്ചത്. സൈന്യത്തിലെ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയില്‍ അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ഹെലികോപ്റ്റര്‍യാത്രക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ടാണ് അശ്വിന്‍ മരിച്ചത്. അവധി ദിവസങ്ങളില്‍ നാട്ടിലെത്തിയാല്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവസാനിധ്യമായിരുന്നു അശ്വിന്‍. പ്രദേശത്തെ നിറസാനിധ്യമായിരുന്ന അശ്വിന് ചെറുപ്രായത്തില്‍തന്നെ കരസേനയില്‍ ജോലി ലഭിച്ചിരുന്നു. പ്രകാശന്‍ തുരുത്തിയാണ് സ്തൂപം തയ്യാറാക്കിയത്. രണ്ടുമാസമെടുത്ത് കല്ലിലും ഗ്രാനൈറ്റിലുമായാണ് സ്തൂപം തയ്യാറാക്കിയത്. രാജ്യത്തോടുള്ള ആദരസൂചകമായി അശോകചക്രവും സ്തൂപത്തില്‍ ഒരുക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ രൂപവും ശില്‍പത്തിലുണ്ട്. എംകെ അശോകന്റെയും കെവി കൗസല്യയുടെയും മകനാണ് അശ്വിന്‍. ഒന്നാംവര്‍ഷം ചരമവാര്‍ഷികദിനമായ 21 ന് പകല്‍ 2ന് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്മാരകസ്തൂപം സമര്‍പ്പിക്കും.
