കരിവെള്ളൂരിന്റെ ബഹുമുഖ പ്രതിഭ ഏ.വി പ്രഭാകരന്‍ മാഷ് ഇനി ഓര്‍മ
കാസര്‍കോട്: കരിവെള്ളൂരിലെ സാമൂഹ്യ രാഷ്ട്രീയ കലാരംഗത്ത് കഴിഞ്ഞ 60 വര്‍ഷത്തിലധികമായി നിറഞ്ഞു നിന്ന റിട്ട അധ്യാപകനും ബഹുമുഖ പ്രതിഭയും പൗരപ്രമുഖനുമായ ഏവി പ്രഭാകരന്‍ മാഷ് (83)ഇനി ഓര്‍മ. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം രോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും സന്നദ്ധ പ്രവര്‍ത്തനവും സംയോജിപ്പിച്ചു കൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നതില്‍ നിശ്ശബ്ദമായി കഴിഞ്ഞ 65 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ച മാഷിനെ എല്ലാവരും സമ്പൂര്‍ണ്ണ മനുഷ്യന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ചിത്രരചന, ശില്‍പനിര്‍മാണം, ഫോട്ടോഗ്രാഫി, മേക്കപ്പ്, വൈദ്യം, പൊതുപ്രവര്‍ത്തനം തുടങ്ങിയ സര്‍വമേഖലയിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. ചിത്രകാരനും മേയ്ക്കപ്പ് മാനുമായ പ്രഭാകരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കോട്ടൂര്‍ പറമ്പത് നിരവധി നാടകങ്ങള്‍ അരങ്ങേറിയിരുന്നു. മികച്ച ശില്‍പിയായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് പ്ലാന്‍ തയ്യാറാക്കല്‍, കല്‍പണി, തേപ്പ്, ആശാരി പണി, വാര്‍പ്പ് തുടങ്ങി എല്ലാ പ്രവര്‍ത്തിയിലും വിദഗ്ദ്ധനായിരുന്നു. മികച്ച സ്‌പോര്‍ട്ട്‌സ്മാനായ അദ്ദേഹം യോഗ അഭ്യാസിയുമായിരുന്നു. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ മാഷാണ് കരിവെള്ളൂരില്‍ ആദ്യമായി സ്റ്റുഡിയോ (ഉദയാ) സ്ഥാപിച്ചത്. 1954 ല്‍ പ്രഭാകരന്‍ മാസ്റ്റര്‍ സെക്രട്ടറിയായി മണക്കാട്ട് രൂപീകരിച്ച ബാലകലാ സമിതി 1957 ല്‍ ഉദയകല, സമിതിയായി പുന:സംഘടിപ്പിച്ചു. 1960 ല്‍ ടിക്കറ്റ് വെച്ച് ഹരിശ്ചന്ദ്രന്‍ നാടകം അവതരിപ്പിച്ചു. പ്രൊഫഷണല്‍ നടികളെ കൊണ്ടു വന്ന് കരിവെള്ളൂരില്‍ ആദ്യമായി അവതരിപ്പിച്ച നാടകമാണ് ഹരിശ്ചന്ദ്രന്‍. 1958 ല്‍ സ്ത്രീകള്‍ നാടകരംഗത്തേക്ക് കടന്നു വരാത്ത കാലത്ത് ഉന്നതജാതിയില്‍ നിന്നും ആദ്യമായി പറ്റ്വാ മീനാക്ഷി ചെറുകാടിന്റെ അണക്കെട്ട് എന്ന നാടകത്തില്‍ അഭിനയിച്ചു. ഉദയകലാസമിതി അക്കാലത്ത് ശ്രദ്ധേയമായ നിരവധി കയ്യെഴുത്ത് മാസികകള്‍ പ്രസിദ്ധീകരിച്ചതും മാഷുടെ നേതൃത്വത്തില്‍ തന്നെ. അദ്ദേഹവും പിതാവ് തോട്ടോന്‍ ചിണ്ടന്‍ മേസ്ത്രിയും ചേര്‍ന്ന് കരിവെള്ളൂര്‍ -കൊടക്കാട് തോടിന് 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം ഇന്നും നിര്‍മ്മാണ വൈദഗ്ദ്യത്തിന് മാതൃകയായി നിലകൊള്ളുന്നു. അസാമാന്യ ധൈര്യശാലിയായ മാഷ് നിരവധി മൂര്‍ഖന്‍ പാമ്പുകളെ പിടിച്ച് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് കൈമാറിയിരുന്നു.
ആമ്പിലേരി കണ്ണന്‍ വൈദ്യര്‍, കുഞ്ഞമ്പു വൈദ്യര്‍ എന്നീ ആയുര്‍വേദ വൈദ്യന്മാരുടെ അനന്തരവനായ അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ച ശേഷം പാരമ്പര്യ ആയുര്‍വേദ വൈദ്യരായി സേവനമനുഷ്ഠിക്കുകയായിരുന്നു. വന്ധ്യത, അര്‍ശസ്സ് എന്നിവക്ക് ഫലപ്രദമായ ചികിത്സകനായി അദ്ദേഹം മാറി. ഒറ്റമൂലി പ്രയോഗങ്ങള്‍ കൊണ്ട് ചുരുങ്ങിയ ചെലവില്‍ അദ്ദേഹം പല മാറാവ്യാധികളും മാറ്റിയെടുത്തിരുന്നു.
പുതിയടത്ത് നാരായണിയാണ് ഭാര്യ. പി.പ്രജിത്ത് കുമാര്‍, അഡ്വ: പി.പ്രവീണ്‍ കുമാര്‍ (ബോംബെ)
പ്രസീത (അദ്ധ്യാപിക) എന്നിവരാണ് മക്കള്‍.