സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി; വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേറ്റു. വാട്ടര്‍ സല്ല്യൂട്ട് നല്‍കി കപ്പലിനെ ബര്‍ത്തിലേക്ക് സ്വീകരിച്ചു. നാല് മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു.കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്‌നുകളുമായി ചൈനയില്‍ നിന്നുളള ഷെന്‍ഹുവായ് എത്തിയത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തളളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസറ്റ് പനാമക്‌സ് ക്രെയ്‌നും 30 മീറ്റര്‍ ഉയരാനുളള രണ്ട് ഷോര്‍ ക്രെയ്‌നുമാണ് കപ്പലില്‍ എത്തിച്ചത്.ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമക്‌സ് ക്രെയ്‌നുകളും ഷോര്‍ ക്രെയ്‌നുകളുമാണ് തുറമുഖ നിര്‍മാണത്തിനാവശ്യം. 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് 7700 കോടിയുടെ പൊതു-സ്വകാര്യ പദ്ധതിയായി വിഴിഞ്ഞം തുറമുഖത്തിന് അദാനി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്. 2015 ഡിസംബറില്‍ നിര്‍മാണം ആരംഭിച്ചു. നാലു വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുളള കരാര്‍.
ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ടു ദിവസം മുമ്ബേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണപരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.
ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്ബന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും.
സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്ബത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം.