ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വർ​ഗീയ ചേരിതിരിവിന് ശ്രമം: കെ.സുരേന്ദ്രൻ

കാസർ​കോട്: സംസ്ഥാനത്ത് ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്‍റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വിഭാ​ഗത്തിന്റെ വോട്ട് നേടുകയാണ് ഹമാസ് അനുകൂല പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കാസർ​ഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടി പോലും ഇതിന് നേതൃത്വം നൽകുന്നത് കേരളത്തിലെ ക്രമസമാധാനം തകർക്കും. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മുസ്ലിം മതമൗലികവാദികൾ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. പാലസ്തീന്റെ പേരും പറഞ്ഞ് ഹമാസിനെ വെള്ളപൂശുന്ന സമീപനമാണ് സിപിഎമ്മും കോൺ​ഗ്രസും നടത്തുന്നത്. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന രാജ്യാന്തര ഭികരസംഘടനയെ എന്ത് അടിസ്ഥാനത്തിലാണ് കോൺ​ഗ്രസ്, സിപിഎം നേതാക്കൾ വെള്ളപൂശുന്നതെന്ന് അവർ വ്യക്തമാക്കണം. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേ​ഗത വന്നത് മോദി വന്നതിന് ശേഷമാണ്. ചുവപ്പ് നാടയിൽ നിന്നും വിഴിഞ്ഞത്തെ മോചിപ്പിച്ചത് മോദി സർക്കാരാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ക്രഡിറ്റ് അടിക്കാനാണ് ഇരുമുന്നണികളുടേയും ശ്രമം. കേന്ദ്രസർക്കാർ എടുത്ത ദ്രുത​ഗതിയിലുള്ള നടപടിയാണ് വിഴിഞ്ഞം യാഥാർത്ഥ്യമാവാൻ കാരണം. വാർത്താസമ്മേളത്തിൽ സംസ്ഥാന സെക്രട്ടറിമാരായ കെ.ശ്രീകാന്ത്, കെ രഞ്ചിത്ത്, ജില്ലാ അദ്ധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ, ജില്ലാ ഉപാധ്യക്ഷൻ സുധാമ ഗോസാഡ,എന്നിവരും സംബന്ധിച്ചു.

എൻഡിഎ യോ​ഗം നാളെ എറണാകുളത്ത് ദേശീയ ജനാധിപത്യസഖ്യത്തിന്റെ സംസ്ഥാന നേതൃയോ​ഗം ഇന്ന് എറണാകുളത്ത് ചേരുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. യോ​ഗത്തിൽ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾ നടക്കും. ബിഡിജെഎസുമായി ഉഭയകക്ഷി ചർച്ചയും മുന്നണിയിലെ മറ്റ് പാർട്ടികളുമായുള്ള ചർച്ചയും നടക്കും. എൻഡിഎയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. സീറ്റ് നിർണയ കാര്യത്തിൽ ബിജെപി ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page