കൊച്ചി: സ്‌കൂളിലെ ട്യൂഷന്‍ ഫീസ് നല്‍കാനുണ്ടെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കു ടിസി നല്‍കാന്‍ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഫീസ് നല്‍കാനുണ്ടെന്ന പേരില്‍ കുട്ടിക്ക് ടിസി നിഷേധിച്ചത്. 2023-24 അധ്യയന വര്‍ഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നല്‍കാത്തതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാന്‍ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു. എന്നാല്‍ 2022- 23 അക്കാദമിക് വര്‍ഷത്തെ ഫീസ് പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ അര്‍ബുദ രോഗത്തിനു ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കു ഉടന്‍ ടി.സി നല്‍കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.
