വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വച്ച ആളെയും നിര്‍മിച്ചു നല്‍കിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെയും കയ്യോടെ പിടികൂടി എം.വി.ഡി

കാസര്‍കോട്: വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ച ആളെയും നിര്‍മിച്ചു നല്‍കിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെയും എം.വി.ഡി കയ്യോടെ പിടികൂടി. തൃക്കരിപ്പൂര്‍ സ്വദേശി ബഷീര്‍ മന്‍സില്‍ ഉസ്മാനെയാണ് വ്യാജ ലൈസന്‍സ് കൈവശം വച്ചതിന് പൊലിസ് അറസ്റ്റ് ചെയ്തത്. വ്യാജ ലൈസന്‍സ് നിര്‍മ്മിക്കാന്‍ ഒത്താശ ചെയ്ത എസ് ആന്‍ഡ് എസ് ഡ്രൈവിംഗ് സ്‌കൂളിലെ പ്രൊപ്രൈറ്റര്‍ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് നടപടി സ്വീകരിച്ചത്. മോട്ടോര്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരില്‍ വാഹന പരിശോധന നടത്തവേയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന ആള്‍ ശ്രദ്ധയില്‍ പെട്ടത്. വാഹനം തടഞ്ഞ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് ഹാജരാക്കാമെന്ന് ഉസ്മാന്‍ മറുപടി നല്‍കി. പിന്നീട് വാട്‌സ്ആപ്പ് വഴി ലൈസന്‍സ് അയച്ചു നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ലൈസന്‍സ് നമ്പര്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസന്‍സ് ആണെന്ന് മനസിലായി. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് എസ്. ആന്‍ഡ് എസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുടെ ഒത്താശയോടെയാണ് ലൈസന്‍സ് വ്യാജമായി നിര്‍മിച്ചതെന്ന് വ്യക്തമായത്. എം.വി.ഡിയുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഗുരുവനം ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ എത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ശ്രീജിത്തിനെ ചന്തേര ഐ.പി ജി.പി മനുരാജ്, എസ്.ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. മറ്റു പലര്‍ക്കും ശ്രീജിത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ചു നല്‍കിയതായും വ്യക്തമായിട്ടുണ്ട്. ഇതേ കുറിച്ച് പൊലിസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്. ഇത്തരത്തില്‍ വ്യാജ ലൈസന്‍സ് നിര്‍മിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ അവരുടെ ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എം. പരിവാഹന്‍ ഡിജിലോക്കര്‍ പോലുള്ള അംഗീകൃത ആപ്പുകളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എ. സി.ഷീബ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page