ഫീസിന് പകരം പ്ലാസ്റ്റിക് കുപ്പികൾ; പരിസ്ഥിതി സൗഹൃദത്തിനായി വ്യത്യസ്ത പദ്ധതി ആവിഷ്കരിച്ച സ്കൂളിന്‍റെ വൈറൽ വീഡിയോ പങ്കുവെച്ച് മന്ത്രി
വെബ്ബ് ഡെസ്ക്: ആസാമിലെ ഗ്രാമീണ വിദ്യാലയം വിദ്യാഭ്യാസത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും വേണ്ടി നടപ്പാക്കിയ പദ്ധതി സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നൂതനാശയത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ വീഡിയോ നാഗാലാൻഡ് മന്ത്രി ടെംജെൻ ഇമ്‌ന പങ്കുവെച്ചതോടെയാണ് വൈറലായത്. വിദ്യാർത്ഥികൾ അവരുടെ ട്യൂഷൻ ഫീസ് പണമായിട്ടല്ല പ്ലാസ്റ്റിക് കുപ്പികളായിട്ടാണ് ഇവിടെ നൽകുന്നത്. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന കുപ്പികൾ അവിടെ വിലപ്പെട്ട വിഭവമായി രൂപാന്തരപ്പെടുന്നു.അക്ഷർ ഫോറം സ്കൂളാണ് ആ ആശയത്തിന് പിന്നിൽ.
തങ്ങളുടെ ചുറ്റുവട്ടത്തുള്ള ചപ്പുചവറുകളുടെയും നിരക്ഷരതയുടെയും പ്രശ്‌നങ്ങളിൽ വ്യാകുലരായ പർമിത മാസിന്‍ ദമ്പതികളുടെ വേറിട്ട കാഴ്ചപ്പാടിൽ നിന്നാണ് ഈ നൂതന ആശയം പിറന്നത്. ആശയം യാഥാർത്ഥ്യമാക്കാൻ അവർ ഒരു സ്കൂൾ സ്ഥാപിച്ചു, അവിടെ വിദ്യാർത്ഥികളെ പരമ്പരാഗത വിഷയങ്ങൾ മാത്രമല്ല, മരപ്പണി, പൂന്തോട്ടപരിപാലനം തുടങ്ങിയ പ്രായോഗിക കഴിവുകളും പഠിപ്പിക്കുന്നുണ്ട്. ഈ സ്കൂളിനെ വേറിട്ടു നിർത്തുന്ന മറ്റൊരു സമീപനം കൂടെയുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ ജോലി ഏറ്റെടുക്കുന്നു, അവരെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് അവർ അറിവ് നൽകുന്നു. തൽഫലമായി, സ്കൂളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് പൂജ്യമായി മാറി. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ സംസ്കരിച്ച് ഇഷ്ടിക രൂപത്തിലാക്കി റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഉപയോഗിക്കുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിനും ഫലപ്രദമായ ഈ ആസാം മോഡൽ കൗതുകത്തിനപ്പുറം ഗൗരവമായി ചർച്ചചെയ്യേണ്ട ഒന്നാണെന്നതിൽ സംശയമില്ല.