കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

മംഗളൂരു: ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ച കോളജ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ബംഗളൂരുവിനടുത്ത്
വിശ്വനാഥപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേവനഹള്ളി ബിദലുരു ഗ്രാമത്തിലാണ്  നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ കാവനയാണ്(20) കൊല്ലപ്പെട്ടത്. പിതാവ് എം. മഞ്ചുനാഥിനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. വിശ്വനാഥപുര പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ: ‘ബുധനാഴ്ച രാത്രി ചോരപുരണ്ട വസ്ത്രം ധരിച്ചയാൾ പൊലീസ് സ്റ്റേഷനിലേക്ക് വന്നു. താൻ മകളെ കൊന്നു എന്നറിയിച്ച അയാളുടെ മുഖത്ത് ദുഃഖം കണ്ടില്ല.  കാര്യങ്ങൾ പറഞ്ഞ ശേഷം വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു. മകൾ ബിരുദ വിദ്യാർഥിനിയാണ്. ഇതര ജാതിക്കാരനായ യുവാവുമായി മകൾ അടുപ്പത്തിലാണെന്ന് അറിഞ്ഞ് വിലക്കി. പലതവണ താക്കീത് ചെയ്തിട്ടും  പിൻമാറാൻ തയ്യാറായില്ല. രാത്രി മകളോട് സംസാരിച്ചപ്പോൾ ഇഷ്ടപ്പെടുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല, കൊലപ്പെടുത്തി ‘. ബന്ധത്തിൽ നിന്ന് കാവനയെ പിന്തിരിപ്പിക്കണം എന്ന അഭ്യർഥനയുമായി അനിയത്തി നേരത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോകുമെന്ന് പറഞ്ഞതിനെ തുടർന്ന്  പെൺകുട്ടിയെ ഇടക്ക് സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരുന്നു.
കർണാടകയിൽ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ദുരഭിമാന കൊലയാണിത്. കോലാർ ജില്ലയിൽ നേരത്തെ രണ്ടു യുവതികളെ രക്ഷിതാക്കൾ കൊലപ്പെടുത്തിയിരുന്നു. തുടർച്ചയായി നടക്കുന്ന ഇത്തരം കൊലപാതകം അവസാനിപ്പിക്കാൻ സാമൂഹ്യ സംഘടനകളുടെയും സർക്കാരിൻ്റെയും ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ജാതി വ്യവസ്ഥയാണ് ഇത്തരം സംഭവങ്ങളുടെ അടിസ്ഥാന കാരണമെന്നും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ  സർക്കാർ നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page