തിരുവനന്തപുരത്തു നിന്നും ബിസിനസുകാരനെ തട്ടികൊണ്ടുവന്ന് മൊഗ്രാലിലെ റിസോര്‍ട്ടില്‍ ബന്ദിയാക്കി; അക്രമികളെ ഓടിച്ചിട്ടു പിടികൂടി പൊലീസ്
കാസർകോട്: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടികൊണ്ടുവന്ന് മൊഗ്രാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബന്ദിയാക്കിയ സംഘത്തെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളിൽ പിടികൂടി. ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം സരോജം വീട്ടിൽ നിഷാന്തിനെയാണ് തട്ടിക്കൊണ്ടുപോയത്. കോട്ടയം വൈക്കം കൊതവര പഞ്ചായത്തോഫീസിനു സമീപം ചക്കാലയ്ക്കൽ വീട്ടിൽ റോയി സി.ആന്റണി (47), കോഴിക്കോട് ചിലവൂർ അങ്കണവാടിക്ക് സമീപം ഷംനാദ് (ഷാൻ-33), ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽവീട്ടിൽ നെൽസൺ (ഫ്രെഡി-33), കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ പോസ്റ്റ് ഓഫീസിനുസമീപം പൊറ്റമ്മൽ ഹൗസിൽ ഹർഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ നിഷാന്തിന്റെ വീട്ടിലെത്തിയ സംഘം പണം ആവശ്യപ്പെട്ടു. കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് നിഷാന്തിനെ കാറിൽക്കയറ്റി കൊണ്ടുപോയി. പിന്നീട് നിഷാന്തിനെക്കുറിച്ച് വിവരം ലഭിക്കാതായി.നിഷാന്തിന്റെ ഭാര്യ ആറ്റിങ്ങൽ പോലീസിനു നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിഷാന്തിനെ കടത്തിക്കൊണ്ടുപോയെന്ന് വീട്ടുകാർ പറഞ്ഞ കാർ ആറ്റിങ്ങലിലെ ഒരു പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം ലഭിച്ചു. അന്വേഷണത്തിൽ കാർ ആലപ്പുഴ സ്വദേശിയുടേതാണെന്നും വാടകയ്ക്ക് നൽകിയതാണെന്നും കണ്ടെത്തി. ജി.പി.എസ്. ഘടിപ്പിച്ചിരുന്ന കാർ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച പോലീസ് കാസർകോട്ടുനിന്നു പ്രതികളെയും നിഷാന്തിനെയും കണ്ടെത്തുകയായിരുന്നു.മൊഗ്രാലിൽ റിസോര്‍ട്ടില്‍ മുറിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസ് മൂന്നു യുവാക്കളെയും പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ റിസോര്‍ട്ടില്‍ നിന്നു ഇറങ്ങിയോടിയ സംഘത്തെ കുമ്പള പൊലീസിന്റെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് തട്ടികൊണ്ടുവരലിൽ കലാശിച്ചത്. യുവാവ് ലക്ഷകണക്കിനു രൂപ പാർട്ട്നറായ ആള്‍ക്ക് കൊടുക്കാനുള്ളതായി പറയുന്നു. അതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തട്ടികൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതും നടപ്പിലാക്കിയതും. യുവാവിനെ റിസോര്‍ട്ടിൽ ബന്ദിയാക്കി നിര്‍ത്തി സമ്മര്‍ദ്ദത്തിലൂടെ പണം കൈക്കലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിന്നു യുവാവിനെയും കൊണ്ടു കിലോമീറ്ററുകളോളം സാഹസികമായി വണ്ടിയോടിച്ച് മൊഗ്രാലില്‍ എത്തിയത് എന്തിനാണെന്ന കാര്യത്തിൽ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടോ, പരിസരത്തോ ഉള്ള ആരുടെയെങ്കിലും സഹായം തട്ടികൊണ്ടുപോകലിനു നേതൃത്വം നല്‍കിയവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.