ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു; അപകടമുണ്ടായത് കണ്ണൂർ കൂത്തുപറമ്പിൽ
കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു. തുവ്വക്കുന്ന് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്.കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോര്‍ന്ന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയില്‍ ആളുകള്‍ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു.ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ പടർന്ന് പിടിച്ചതോടെ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയായി. പിന്നീട് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. അതിനകം ഓട്ടോ യാത്രികർ മരിച്ചിരുന്നു. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി താലൂക്കാശുപത്രിയിലേക്ക് മാറ്റി.