ഇസ്രായേൽ-ഹമാസ് യുദ്ധം വ്യോമ ഗതാഗതത്തെ ബാധിക്കുന്നു; ടെൽ അവീവിൽ നിന്നുള്ള പ്രധാന വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യയുടെ രക്ഷാ ദൗത്യം ഉടൻ ആരംഭിക്കും
വെബ്ബ് ഡെസ്ക്: ഇസ്രായേൽ-ഹമാസ് സംഘർഷം വാണിജ്യ വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നു. അന്താരാഷ്ട്ര വിമാനക്കമ്പനികൾ വ്യാപകമായി വിമാന സർവ്വീസുകൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിലെത്തി. എയർ ഇന്ത്യ, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഒക്‌ടോബർ 7 ന് ഉണ്ടായ ആക്രമണത്തിന് ശേഷം ടെൽ അവീവിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാനങ്ങൾ റദ്ദാക്കി.ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിൽ ബുധനാഴ്ച (ഒക്ടോബർ 11) ഷെഡ്യൂൾ ചെയ്ത 332 വിമാനങ്ങളിൽ 152 എണ്ണം മാത്രമാണ് വാണിജ്യ ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ് ഫോം ആയ ഫ്ലൈറ്റ്റാഡാർ24 ന് ട്രാക്ക് ചെയ്യാനായത്.
ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഒരു ദിവസം മുമ്പ്, ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യേണ്ടിയിരുന്ന 95 ശതമാനം വിമാനങ്ങളും ട്രാക്ക് ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഹമാസ് ആക്രമണത്തിന്റെ പിറ്റേ ദിവസം സർവീസ് കുത്തനെ ഇടിഞ്ഞു. 67 ശതമാനം വിമാനം മാത്രമാണ് ട്രാക്ക് ചെയ്യപ്പെട്ടത്. വിമാനങ്ങളുടെ ഈ ഇടിവ് തുടർന്നുള്ള ദിവസങ്ങളിലും ഉണ്ടായിരുന്നു, ഞായറാഴ്ച 56 ശതമാനമായും തിങ്കളാഴ്ച 53 ശതമാനമായും ചൊവ്വാഴ്ച 49 ശതമാനമായും കുറഞ്ഞു.ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് സാധാരണയായി അഞ്ച് പ്രതിവാര ഫ്ലൈറ്റുകൾ പറത്തുന്ന എയർ ഇന്ത്യ, ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ ഒക്ടോബർ 14 വരെ നിർത്തിവച്ചിരിക്കുകയാണ്.ഓസ്ട്രിയൻ എയർലൈൻസ്, സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ബ്രസ്സൽസ് എയർലൈൻസ് തുടങ്ങിയ എയർലൈനുകൾ ഉൾപ്പെടുന്ന ജർമ്മനിയുടെ ലുഫ്താൻസ ഗ്രൂപ്പും ടെൽ അവീവിലേക്കും തിരിച്ചുമുള്ള അവരുടെ ഫ്ലൈറ്റുകൾ ഒരു നിശ്ചിത തീയതി വരെ റദ്ദാക്കിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് എയർലൈൻസും ടെൽ അവീവിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് സമാനമായ നടപടി സ്വീകരിച്ചു. എയർ കാനഡയാകട്ടെ, സ്ഥിതിഗതികൾ സുസ്ഥിരമാകുന്ന മുറയ്ക്ക് റൂട്ട് പുനരാരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ചൈനീസ് വിമാനക്കമ്പനിയായ ഹൈനാൻ എയർലൈൻസ് ബെയ്ജിംഗും ഷാങ്ഹായും ടെൽ അവീവുമായി ബന്ധിപ്പിക്കുന്ന വിമാനങ്ങൾ ഒക്ടോബർ 31 വരെ റദ്ദാക്കി. പക്ഷെ, ഷെൻഷെനും ടെൽ അവീവിനും ഇടയിലുള്ള വിമാനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാൻ എയർ ഇസ്രായേലിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾ ഒരാഴ്ചത്തേക്ക് റദ്ദാക്കി.
വാണിജ്യ വിമാന സർവ്വീസുകൾ നിർത്തിലാക്കിയതോടെ ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ട് വരാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച മുതൽ “ഓപ്പറേഷൻ അജയ്” രക്ഷാ ദൗത്യം ആരംഭിക്കും. ആദ്യ വിമാനം ഇസ്രായേലിലേക്ക് ബുധനാഴ്ച തിരിക്കും.ആദ്യ ബാച്ച് മടങ്ങാൻ സജ്ജരായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.