കാസർകോട്: വിവാഹ വാഗ്‌ദാനം നല്‍കി 32 കാരിയായ ജിംനേഷ്യം പരിശീലകയെ നടനും മോഡലുമായ ഷിയാസ് കരീം പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണവും തെളിവെടുപ്പും ഊര്‍ജ്ജിതമാക്കി. എറണാകുളം സ്വദേശിയും സിനിമാ-ടെലിവിഷന്‍ താരവുമായ ഷിയാസ് നിരന്തര പീഡിപ്പിക്കുകയും രണ്ട് തവണ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് കേസ്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കവെയാണ് തെളിവെടുപ്പ് നടത്തിയത്. പീഡനം നടന്ന എറണാകുളത്തെയും, മൂന്നാറിലെയും ഹോട്ടൽ മുറികളിൽ എത്തിച്ചാണ് തെളിവെടുപ്പ്.ചന്തേര എസ്.ഐ എം.വി.ശ്രീദാസ്, സിപിഒമരായ ദിലീഷ്, രമേശ് എന്നിവരടങ്ങിയ സംഘം മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് തുടരുന്നത്. വിവിധ ലോഡ്‌ജുകളില്‍ താമസിപ്പിച്ചുവെന്നു പീഡനത്തിനു ഇരയായ യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. കേസില്‍ പ്രതിയായ ഷിയാസ് കരീം ഗള്‍ഫില്‍ നിന്നു മടങ്ങുന്നതിനിടയില്‍ കഴിഞ്ഞ ആഴ്‌ച ചെന്നൈ വിമാനതാവളത്തിലാണ് പിടിയിലായത്. അറസ്റ്റു രേഖപ്പെടുത്തുന്നതിനു മുമ്പ് ഷിയാസിന് ഇടക്കാല ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. അതിനാല്‍ കാഞ്ഞങ്ങാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ അന്നുതന്നെ ജാമ്യം ലഭിച്ചിരുന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും പീഡനമല്ലെന്നും ഷിയാസ് മൊഴി നൽകിയിരുന്നു. 11 ലക്ഷത്തോളം രൂപയും ഷിയാസ് തട്ടിയെടുത്തതായി യുവതി പരാതി ഉയർത്തിയിരുന്നു.
