ചെന്നൈ: ചെന്നൈയിലെ ജിം പരിശീലകനും ബോഡി ബില്‍ഡറുമായ യുവാവ് പരിശീനത്തിനിടേ ഹൃദയാഘാതം മൂലം മരിച്ചു. അമ്പത്തൂര്‍ മേനമ്പേട് താമസക്കാരനായ പി യോഗേഷ് (41)ആണ് മരിച്ചത്. മുന്‍ ‘മിസ്റ്റര്‍ തമിഴ്നാട് ആയിരുന്നു. ഞായാറാഴ്ച വൈകീട്ട് കൊരട്ടൂര്‍ വെങ്കിടേശ്വര നഗറിലെ ജിമ്മില്‍ പരിശീലനത്തിനിടേ കുഴഞ്ഞുവീഴുകയായിരുന്നു. അമിതഭാരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് യോഗേഷ് വാഷ് റൂമിനുള്ളില്‍ ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് ജിമ്മിലെ മറ്റ് പരിശീലകര്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്ഥാനതല ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ നിരവധി തവണ യോഗേഷ് മെഡല്‍ നേടിയിട്ടുണ്ട്. അടുത്തിടെ നടക്കാനിരിക്കുന്ന മല്‍സരത്തിന് വേണ്ടി തയ്യാറെടുപ്പിലായിരുന്നു. വൈഷ്ണവിയാണ് ഭാര്യ. രണ്ടുവയസായ മകളുണ്ട്. കോരത്തൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.