സംശയം ഇല്ലാതിരിക്കാന്‍ മയക്കുമരുന്ന് ഇടപാട് ആശുപത്രിക്കു സമീപം; രണ്ടുപേരെ കയ്യോടെ പൊക്കി എക്‌സൈസ്
കാസര്‍കോട്: സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ച് മയക്കുമരുന്നു കൈമാറുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടന്ന, എടച്ചാക്കൈ സ്വദേശി ഫൈസല്‍ (37), തളിപ്പറമ്പ് ഏഴിലോട് സ്വദേശി സി.ടി.അബ്ദുല്ല (46) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും ഞായാറാഴ്ച വൈകുന്നേരം നുളളിപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു 0.8 ഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ആശുപത്രി പരിസരമായതിനാല്‍ ആരും സംശയിക്കില്ലെന്നാണ് പ്രതികള്‍ കരുതിയത്. പയ്യന്നൂരില്‍ നിന്നു കാസര്‍കോട്ടേക്ക് വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. സംഘത്തില്‍ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ പി.രാജേഷ്, എം.മുരളീധരന്‍, കെ.പി.ശരത് എന്നിവരും ഉണ്ടായിരുന്നു.