ബംഗളൂരു: കര്‍ണാടകത്തില്‍ പടക്കകടയ്ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ അത്തിബെല്ലയില്‍ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം നടന്നത്.
പടക്കക്കട ഉടമയായ നവീന്‍, കണ്ടെയ്‌നര്‍ വാഹനത്തില്‍ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്.
തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പടക്കങ്ങള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. എട്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പടക്കം കടയിലാകെ പടര്‍ന്ന് അന്തരീക്ഷത്തില്‍ പുക ഉയരുകയായിരുന്നു. ദേശീയപാതയോരത്ത് സംഭവം നടന്നതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. തീ നിയന്ത്രണവിധേയമാക്കിയ ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ.
