കണ്ണൂർ: രാത്രികാലങ്ങളിൽ അർദ്ധനഗ്നനായി വീടുകളിലെത്തി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.കോട്ടയം, ആലപ്പുഴ, കാസർകോഡ്, കണ്ണൂർ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.അടിവസ്ത്രവും ബനിയനും മാസ്കും ധരിച്ചാണ് ഷാജഹാൻ വീടുകളിൽ മോഷണത്തിനെത്തിയിരുന്നത്. സ്ഥിരം മോഷണം നടത്തിയിരുന്ന ആളായിട്ടും പ്രതിയെ കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ കണ്ടെത്തിയത്.ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.സ്വർണം മാത്രം ലക്ഷ്യം വെച്ച് കവർച്ച നടത്തിയിരുന്ന ഷാജഹാൻ അടുത്തിടെ കാഞ്ഞങ്ങാടുള്ള വീട്ടിൽ നിന്നും 35 പവൻ മോഷ്ടിച്ചതായി സ്ഥിരീകരിച്ചു. ഭാര്യയുടെ സ്വർണാഭരണങ്ങളാണ് എന്ന വ്യാജേനയാണ് ജ്വല്ലറിയിൽ ഇവ വിൽക്കാൻ കൊണ്ടുപോയിരുന്നത്.വിരലടയാളം പോലും ബാക്കിവെക്കാതെയുള്ള മോഷണരീതിയാണ് ഷാജഹാന്‍റേത്. അയ്യായിരത്തോളം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അവസാനം ഷാജഹാൻ പോലീസിന്റെ പിടിയിലായത്. മോഷണത്തിനായുള്ള യാത്ര ബസിലാണെന്ന സൂചനയെ തുടർന്ന് ബസുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.