കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ പേരിലുള്ള കൊല; രണ്ട് പ്രതികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു: കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ പേരില്‍ കുന്താപുരത്ത് ബിസിനസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ ബംഗളൂരുവില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ രാഘവേന്ദ്ര എന്ന ബന്‍സ് രഘു(42)വിനെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ശിവമോഗ സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 29ന് കുന്താപുരത്തെത്തി ലോഡ്ജില്‍ താമസിക്കുകയായിരുന്നു. രണ്ട് പ്രതികളും കോണിക്ക് സമീപമുള്ള ഒരു വീട്ടില്‍ ചൂതാട്ടം നടത്തി തിരികെ ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ രാഘവേന്ദ്രയുടെ കാര്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഗം തിയേറ്റര്‍ ഭാഗത്ത് നിന്ന് വന്ന ഒരു വാഗണ്‍ ആര്‍ കാറും രഘുവിന്റെ കാറും പരസ്പരം ഉരസിയിരുന്നു. ഇതോടെ രാഘവേന്ദ്രയും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പിലെത്തിച്ചിരുന്നു. എന്നാല്‍, പ്രതികളിലൊരാള്‍ കത്തിയെടുത്ത് രഘുവിന്റെ തുടയില്‍ കുത്തുകയായിരുന്നു. രാഘവേന്ദ്രയ്ക്ക് അക്രമികളെ അറിയാമെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സംഭവത്തിന് ശേഷം നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ കൊലയാളികളെ മരിച്ചയാള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം.
പ്രതികളില്‍ ഒരാള്‍ക്കെതിരെ എട്ടിലധികം ക്രിമിനല്‍ കേസുകളുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് അഗുംബെ ഘട്ടില്‍ ഉണ്ടായ സമാനമായ അപകടത്തിന്റെ പേരില്‍ ഇയാള്‍ ഒരാളെ കുത്തിയതായി തെളിഞ്ഞിട്ടുണ്ട്.