കൊല്ലം : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ ദളിത് സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരിയിടുകയും ചെയ്തയാൾ അറസ്റ്റിൽ.ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ അനന്തു (33) ആണ് അറസ്റ്റിലായത്. ഹോട്ടലുടമയായ മാറനാട് ചേലൂർവിള വീട്ടിൽ രാധ(67)യുടെ പരാതിയിലാണ് എഴുകോൺ പൊലീസിന്റെ നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. മുൻപ് വാങ്ങിയതിന്റെ പണം തരാനുണ്ടെന്നും അതു തന്നിട്ടാകാം വീണ്ടും ഭക്ഷണം നൽകുന്നത് എന്നും രാധ പറഞ്ഞതോടെ കുപിതനായ പ്രതി രാധയുടെ കവിളിൽ കുത്തുകയും പുറത്തേക്കിറങ്ങി. മണ്ണു വാരിക്കൊണ്ടു വന്നു പൊറോട്ടയിലും പാകം ചെയ്തു വച്ചിരുന്ന കറികളിലും ഇടുകയുമായിരുന്നു.ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. സംഭവത്തിനു ശേഷം ബൈക്കിൽ കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നിർദേശാനുസരണം എസ്ഐമാരായ നന്ദകുമാർ, വി.വി.സുരേഷ്, സിപിഒ രാഹുൽ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്