‘എസ്.എഫ്.ഐക്കാരോട് കടക്ക് പുറത്തെന്ന് നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ’; അടിച്ചു ഷേയ്പ്പ് മാറ്റുമെന്നും പ്രിൻസിപ്പൽ; എസ്.എഫ്.ഐയും പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരെ ചെവികല്ലുപൊട്ടുന്ന ചീത്തവിളിച്ച് ഓടിച്ച് കോളേജ് പ്രിൻസിപ്പൽ. തിരുവനന്തപുരം നഴ്സിങ്ങ് കോളേജിലാണ് സംഭവം.വനിത ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കുക, സെക്യൂരിറ്റിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ്.എഫ്.ഐയുടെ ആവശ്യങ്ങൾ നിരസിച്ച പ്രിൻസിപ്പലിന്‍റെ പ്രതികരണം രൂക്ഷമായ ഭാഷയിലായിരുന്നു. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.നേരത്തെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പ്രിന്‍സിപ്പലിനെ കാണാനെത്തിയിരുന്നു. അലവലാതികളോട് സംസാരിക്കാന്‍ ഇല്ലെന്നും, അടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ പ്രവര്‍ത്തകർ ആരോപിച്ചു, വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാര്‍ ആക്രമിക്കാൻ ശ്രമിക്കേണ്ടെന്നും പ്രിൻസിപ്പൽ പറയുന്നുണ്ട്. മോശം ഭാഷയില്‍ സംസാരിച്ച പ്രിന്‍സിപ്പലിനെ കോളജില്‍ തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് നഴ്സിങ്ങ് കോളേജിന്‍റെ ഓഫീസില്‍നിന്ന് പ്രവര്‍ത്തകർ മടങ്ങിയത്