അമിതമായി ഫോൺ  ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?  എങ്കില്‍ ‘ട്രിഗർ ഫിംഗർ’ എന്ന അസുഖത്തിലേക്ക് നയിച്ചേക്കാം; എന്താണ് ട്രിഗർ ഫിംഗർ? പരിഹാരം എന്തെല്ലാം

വെബ്ബ് ഡെസ്ക്: സ്‌മാർട്ട്‌ഫോണുകളും,  ടാബ്‌ലെറ്റുകളും, ടച്ച് സ്‌ക്രീനുകളും വാഴുന്ന ഡിജിറ്റല്‍ യുഗത്തിൽ   ദിനചര്യകൾ  പോലും ഇത്തരം ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ആയി കഴിഞ്ഞു. ഇത്തരം ഉപകരണങ്ങളുടെ നിരന്തര ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ രോഗാവസ്ഥകളും ഉണ്ടാകുന്നുണ്ട്. സ്‌മാർട്ട്‌ഫോണുകളോട് ഉള്ള ആസക്തി കൂടിയതാണ് ട്രിഗർ ഫിംഗർ എന്ന അവസ്ഥയ്ക്ക് കാരണം. കൈ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ട്രിഗർ ഫിംഗർ ലോകത്തിലെ സാധാരണ ജനസംഖ്യയുടെ 2 ശതമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

 എന്താണ് ട്രിഗർ ഫിംഗർ?

ചടുലമായിരുന്നു ഒരു വിരൽ ഇപ്പോൾ വളഞ്ഞ് ഒരു സ്ഥാനത്ത് കുടുങ്ങിയതായി സങ്കൽപ്പിക്കുക. ഈ അവസ്ഥ പലപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളിൽ ആവർത്തിച്ചുള്ള ചലനങ്ങളുടെ അനന്തരഫലമാണ്.

വളയ്ക്കുമ്പോഴും നേരെയാക്കുമ്പോഴും വിരലുകൾ ലോക്ക് ആവുകയോ ഉടക്കുന്നതോ ആയി തോന്നിയിട്ടുണ്ടോ? എങ്കില്‍ അങ്ങനെയാണ് ട്രിഗർ ഫിംഗർ പ്രകടമാകുന്നത്. ചിലപ്പോൾ ഈ ലക്ഷണങ്ങൾക്കൊപ്പം കഠിനമായ വേദനയും ഉണ്ടാകാം.

ട്രിഗർ ഫിംഗറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

നിങ്ങൾ എത്രനേരം ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ട്രിഗർ ഫിംഗറിന്റെ  ലക്ഷണങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാവാം.

*വിരലുകളുടെ സ്റ്റിഫ്നസ് .  പ്രത്യേകിച്ച്  രാവിലെ.

*വിരൽ ചലിപ്പിക്കുമ്പോൾ പൊട്ടുന്നതോ  അല്ലെങ്കിൽ  ഫോട്ടോ ക്ലിക്ക് ചെയ്യുന്നതോ പോലെ കേൾക്കുന്ന ശബ്ദം.

*ബാധിച്ച വിരലിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന ചെറിയ മുഴ.

*ഇടയ്‌ക്കിടെ വിരൽ വളഞ്ഞ് നിവര്‍ത്താന്‍ പറ്റാതെ ആവുക.

ട്രിഗർ ഫിംഗറിന്റെ കാരണം

സ്‌ക്രീനുകളിൽ തുടർച്ചയായി ടച്ച്  ചെയ്യുന്നതും സ്ക്രോൾ ചെയ്യുന്നതും വിരൽ ഞരമ്പുകളിൽ അമിത സമ്മർദ്ദവും ആയാസവും ഉണ്ടാക്കും, ഇത് വീക്കം ഉണ്ടാക്കി ഈ അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

സന്ധിവേദനയും പ്രമേഹവും ട്രിഗർ ഫിംഗറിന്റെ കാരണമാകാം. നാല്‍പതിനും അന്‍പതിനും ഇടയിൽ പ്രായമുള്ളവരെയാണ് ഈ അവസ്ഥ സാധാരണയായി ബാധിക്കുന്നത്. ട്രിഗർ ഫിംഗർ വരാൻ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആറിരട്ടി സാധ്യതയുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.

ട്രിഗർ  ഫിംഗറിനുള്ള ചികിത്സ എന്താണ്? ഫിസിയോതെറാപ്പിസ്റ്റുകൾ ശുപാർശ ചെയ്യുന്ന വിരലുകളുടെ വ്യായാമങ്ങള്‍, ഞരമ്പുകൾ ശക്തിപ്പെടുത്താനും കൂടുതൽ സങ്കീർണതകൾ തടയാനും സഹായിക്കും.  ഇതുകൂടാതെ, വിരലുകള്‍ക്ക് വിശ്രമം നൽകുക. അത്യന്തം ഗുരുതരമായ സന്ദർഭങ്ങളിൽ സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ നൽകാനും വിദഗ്ധർ ഉപദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page