കണ്ണൂര്‍: സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപമാണ് അപകടം. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും എതിരേ വരികയായിരുന്ന സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ഥിനി രാവിലെ മദ്റസ വിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കണ്ണപുരം പൊലിസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
