തട്ടം കാണുമ്പോള്‍ അലര്‍ജി സംഘികള്‍ക്ക് മാത്രമല്ല; കമ്യൂണിസ്റ്റുകള്‍ക്കും ഇസ്ലാമോഫോബിയയെന്ന് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിന്റെ ‘തട്ടം വിവാദത്തില്‍’. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്കു കൂടിയാണെന്നു എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ ആര്‍എസ്എസിന്റെ എ ടീം സിപിഎം ആണ്. ബിജെപി കേരളത്തില്‍ ആര്‍എസ്എസിന്റെ ബി ടീം മാത്രമാണ്. ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണം എന്നും സിപിഎം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് തെളിച്ചു പറഞ്ഞിരിക്കുന്നു അവര്‍. തട്ടം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തന നേട്ടമായി ആഘോഷിക്കുന്ന സിപിഎം എത്രമാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ് എന്ന് അവര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന. സിപിഎം നേതാവ് അഡ്വ. അനില്‍കുമാറിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്തു വന്നിട്ടുണ്ട്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page