ചൈനീസ് ഫണ്ടിംഗ്; സീതാറാം യച്ചൂരിയുടെ വീട്ടിലും പരിശോധന; വെബ് പോർട്ടൽ ജീവനക്കാരൻ താമസിച്ചത് യച്ചൂരിയുടെ വീട്ടിൽ; സിപിഎം നേതാക്കൾ ഇഡിയുടെ സ്കാനറിൽ
ന്യൂഡൽഹി: വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വസതിയിലും റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി പൊലീസുമാണ് റെയ്ഡ് നടത്തുന്നത്. യെച്ചൂരിക്ക് സര്‍ക്കാര്‍ അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. യെച്ചൂരി ഇവിടയല്ല ഇപ്പോൾ താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് വെബ്ബ് പോർട്ടൽ പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന നടക്കുന്നത്. സി പി എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഇ മെയിലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് പണം നല്‍കിയ അമേരിക്കന്‍ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നു എന്നാണ് ഇ ഡി പറയുന്നത്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ ഹൈക്കോടതി മുൻ ജഡ്ജിയടക്കം നൂറോളം പേര്‍ കത്തെഴുതിയിരുന്നു.ബി ജെ പിയും ന്യൂസ് ക്ലിക്കിന് വിദേശഫണ്ടിംഗ് ഉണ്ട് എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ചൈനയുടെ സഹായത്തോടെ, കോടീശ്വരനായ നെവില്‍ റോയ് സിംഗാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നത് എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. യുഎപിഎ പ്രകാരമുള്ള കേസില്‍ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ രാവിലെ മുതല്‍ റെയ്ഡ് നടക്കുകയാണ്. ന്യൂസ് ക്ലിക്കില്‍ നിന്ന് ശമ്പളമോ പ്രതിഫലമോ കൈപ്പറ്റിയ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നത്തെ പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.