ഷാനു വധക്കേസിലെ പ്രതി കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം; പൊലിസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അമ്പത് മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കുമ്പള പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു. കൊലയാണെന്നാണ് പൊലിസിന്റെ പ്രാഥമീക നിഗമനം. കൊലചെയ്ത ശേഷം വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്. നിരവധി കേസില്‍ പ്രതിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 2019 ലാണ് പ്രമാദമായ ഷാനു കൊലക്കേസ് നടന്നത്. കാസര്‍കോട് നായ്ക്‌സ് റോഡിന് സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കിണറ്റില്‍ ഷാനുവിനെ കൊന്നു തള്ളുകയായിരുന്നു. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ റഷീദ് അടക്കം നാലുപ്രതികളെ അറസ്റ്റുചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി കാസര്‍കോട് വിദ്യാനഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താമസം. കേസില്‍ അടുത്തീയിടെയാണ് പൊലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. റഷീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. മുഹമ്മദലിയുടെയും സൈറുന്നീസയുടെയും മകനാണ്. റമീസ, ഹാജിറ എന്നിവര്‍ സഹോദരിമാരാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page