പൊലീസ് കൺട്രോൾ റൂം വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം; ഗ്രേഡ് എ എസ് ഐ മരിച്ചു.
തിരുവനന്തപുരം പാളയത്ത് പൊലീസ് കൺട്രോൾ റൂമിലെ വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി ഗ്രേഡ് എഎസ്ഐ മരിച്ചു. സിറ്റി കൺട്രോൾ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് പരുക്ക് പറ്റി. രാവിലെ അഞ്ചുമണിയോടെ എകെജി സെന്ററിന് സമീപത്തായിരുന്നു അപകടമുണ്ടായത്. പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മധ്യഭാഗത്തായുള്ള സീറ്റിലാണ് അജയകുമാർ ഇരുന്നിരുന്നത്. സീറ്റ് ബെൽറ്റിട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ അജയകുമാർ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.