എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; പ്രതി ഷാരൂഖ് സെയ്ഫി മാത്രം; നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തീവെപ്പിനു പിന്നില്‍ പിടിയിലായ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി (27) മാത്രമാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കേരളം തിരഞ്ഞെടുത്തത് തന്നെ തിരിച്ചറിയാതിരിക്കാനാണെന്നും നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്നും പ്രതിയെ കുറിച്ചു കുറ്റപത്രത്തില്‍ പറയുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാക്കുക എന്നതായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ വഴി പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപ്രചാരകരെയടക്കം ഇയാള്‍ പിന്തുടര്‍ന്നിരുകയും നിരന്തരമായി ഇവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. സ്വമേധയാ ഏറ്റെടുക്കുകയായിരുന്നുവെന്നും കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷാരൂഖ് സെയ്ഫിയെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങളാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ പ്രതി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ഉദ്ദേശത്തോടെയാണ് മാര്‍ച്ച് 30 ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്.
ഏപ്രില്‍ രണ്ടിന് ഷൊര്‍ണൂരില്‍ എത്തിയ പ്രതി ഷൊര്‍ണൂരില്‍നിന്നു തന്നെ പെട്രോളും ലൈറ്ററും വാങ്ങിയ ശേഷം ട്രെയിനിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. തന്നെ പരിചയമില്ലാത്ത സ്ഥലമായതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്നാണ് പ്രതിയുടെ മൊഴി. കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ മാസം രണ്ടാം തീയതിയാണ് ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. പരിഭ്രാന്തിയില്‍ ട്രെയിനില്‍നിന്ന് എടുത്തുചാടിയ ഒരു കുട്ടിയടക്കം മൂന്നുപേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവം നടന്ന് മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് പ്രതിയെ മഹാരാഷ്ട്രാ ഭീകരവിരുദ്ധ സംഘത്തിന്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുകയായിരുന്നു. കേസന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
പ്രതിയെ ചില ഓണ്‍ലൈന്‍ പേജുകളും പാകിസ്ഥാനില്‍ ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക പ്രാസംഗികരും സ്വാധീനിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.