കാസര്‍കോട്: ആലപ്പുഴയില്‍ നിന്നു കൊല്ലൂരിലേക്ക് പോകേണ്ടിയിരുന്ന സ്വിഫ്റ്റ് ബസ് യാത്രക്കാരെ പെരുവഴിയിലിറക്കിയതായി പരാതി. ഇന്നലെ ആലപ്പുഴ ഡിപ്പോയില്‍ നിന്നു കൊല്ലൂരിലേയ്ക്ക് പോകേണ്ട ബസാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ട് ഡിപ്പോയില്‍ സര്‍വീസ് നിര്‍ത്തിയത്. കര്‍ണ്ണാടകയില്‍ ബന്ദ് ആണെന്ന കാരണത്താലാണ് സര്‍വ്വീസ് അവസാനിപ്പിച്ചതെന്നു പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേരാണ് കൊല്ലൂരിലേയ്ക്ക് പോകേണ്ടിയിരുന്നത്. പെരുവഴിയിലായ യാത്രക്കാര്‍ മറ്റു സ്വകാര്യ വാഹനം പിടിച്ചാണ് യാത്ര തുടരേണ്ടി വന്നു. അതേസമയം കേരളത്തില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും കര്‍ണ്ണാടക ബസുകളും പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ സംഘടനകള്‍ ബന്ദ് ആചരിക്കുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷകള്‍ എന്നിവ പതിവുപോലെ ഓടുന്നുണ്ട്. ഹോട്ടലുകളും കടകളും അടച്ചിടാന്‍ ആരും ആവശ്യപ്പെടാത്തതിനാല്‍ അവയും പതിവുപോലെ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നില്ല.
