ബദിയഡുക്ക: അഞ്ചുപേരുടെ മരണത്തിന് ഇടയാക്കി മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടു. കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കുട്ടികളെ കയറ്റാനായി പോകുന്നതിനിടെ നെല്ലിക്കട്ട ഗുരുമന്ദിരത്തിന് സമീപത്ത് വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും അകത്തുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പള്ളത്തടുക്കയില്‍ വെച്ച് ഇതേ സ്‌കൂളിന്റെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നു നടന്ന അപകടത്തിലെ ഇരുവാഹനങ്ങളെയും ബദിയഡുക്ക പൊലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു.
