ഹരിത വിപ്ലവത്തിന്‍റെ പിതാവിന് വിട; ഡോ.എം.എസ് സ്വാമിനാഥൻ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച ബഹുമുഖ പ്രതിഭ
ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന ഡോ എം.എസ് സ്വാമിനാഥൻ(98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കൃഷിക്കും കാർഷിക ശാസ്ത്രത്തിനുമായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വിശപ്പ് ഇല്ലാതാക്കാൻ നടത്തിയ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമങ്ങളാണ് ഇന്ത്യയെയും പല തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റിയത്. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് എം.എസ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്.പട്ടിണിയും ദാരിദ്ര്യവും തുടച്ച് നീക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുമായി അദ്ദേഹം നിരന്തരമായി ഇടപ്പെട്ടു.കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ അദ്ദേഹം മുൻകൈ എടുത്തു. സുസ്ഥിര വികസനം, സുസ്ഥിര കാർഷിക പദ്ധതികൾ എന്നിവക്കായി ഒട്ടേറെ ആശയങ്ങൾ മുന്നോട്ട് വച്ചു. കാർഷിക വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തുകയെന്നതും അദ്ദേഹത്തിന്‍റെ ആശയമാണ്. ഇടുക്കി,കുട്ടനാട്,വയനാട് പാക്കേജുകൾ അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം നടപ്പാക്കിയതാണ്.ജൈവ കൃഷിക്ക് പ്രധാന്യം നൽകിയതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇതാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കിയത്.
പത്മശ്രീ, പത്മഭൂഷൻ,പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.പ്രഥമ ലോക ഭക്ഷ്യപുരസ്കാരം, മഗ്സാസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി 84 ഹോണററി ഡോക്ട്രേറ്റുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആസൂത്രണ കമ്മിഷൻ അംഗം,യു.എൻ ശാസ്ത്രോപദേശക സമിതി ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചു. 1972 മുതൽ 1979 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറൽ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും പ്രധാന വ്യക്തികളിലൊരാളായി ടൈം മാഗസിൻ തെരഞ്ഞടുത്ത് ഡോ.എം.എസ് സ്വാമിനാഥനെയാണ്. ആലപ്പുഴയിലെ മാങ്കൊമ്പ് സ്വദേശിയാണ് ഡോ.എം.എസ് സ്വാമിനാഥൻ.മകൾ സൗമ്യ സ്വാമിനാഥൻ യു.എന്നിലെ ശാസ്ത്രജ്ഞയായിരുന്നു.