തുലച്ചത് നാലുകോടി; ബേളയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫിസിലും വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യും
കാസര്‍കോട്: നാലുകോടിയോളം രൂപ ചെലവഴിച്ചിട്ടും പ്രവര്‍ത്തന സജ്ജമാകാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ബേളയില്‍ സ്ഥാപിച്ച മോട്ടോര്‍ വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോര്‍ വെഹിക്കിള്‍ ഓഫിസിലും വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയരക്ടുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് റേഞ്ച് വിജിലന്‍സ് പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വികെ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് മിന്നല്‍ പരിശോധനക്ക് എത്തിയത്. കാസര്‍കോട് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് കീഴില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ടെസ്റ്റ് ഗ്രൗണ്ട് ബേളയില്‍ നിര്‍മ്മിച്ച് വര്‍ഷങ്ങളായി കാട് മൂടി കിടക്കുകയാണ്. നാലുകോടി രൂപയോളം ചെലവഴിച്ചാണ് ആധുനിക സജ്ജികരണങളോടെ ടെസ്റ്റ് ഗ്രൗണ്ട് പൂര്‍ത്തികരിച്ചത്. ടെസ്റ്റ് ഗ്രൗണ്ടില്‍ 50 ല്‍ അധികം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ജര്‍മ്മന്‍ ടെക്‌നോളജിയില്‍ വികസിപ്പിച്ച് ജര്‍മനിയില്‍ നിന്നും ഇറക്ക് മതി ചെയ്ത വിവിധ യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമാകുന്ന സ്ഥിതിയായിരുന്നു. നാളിതു വരെയായി ഡ്രൈവിംഗ് ടെസ്റ്റിനും അനുബന്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാതെ വെയിലും മഴയും ഏറ്റ് നശിക്കാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം തന്നെയാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. കിറ്റ്‌കോയുടെ കണ്‍സല്‍ട്ടന്‍സിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘമാണ് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തികരിച്ചത്. 2021 ജനുവരിയില്‍ പ്രവൃത്തി പൂര്‍ത്തികരിച്ചിരുന്നു. ഇത്തരത്തില്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതിന് സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് ഡയരക്ടര്‍ക്ക് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.ടി. സുഭാഷ് ചന്ദ്രന്‍, കെ.വി.ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.കെ.രഞ്ജിത് കുമാര്‍, വി രാജീവന്‍ എന്നിവരും ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ എം മായയും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.