മധ്യവയസ്‌ക്കൻ ജീവനൊടുക്കിയതിന് പിന്നിൽ ഒറ്റയക്ക ലോട്ടറി ചൂതാട്ടം; പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കെ ശശിധരന്‍റെ (55) മരണത്തിന് കാരണം ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം. ഒറ്റയക്ക ലോട്ടറിയെടുത്ത് ബാധ്യത വരുത്തിയതാണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. നിത്യാനന്ദ ആശ്രമത്തിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് കഴിഞ്ഞ ദിവസം ശശിധരന്‍റെ മൃതദേഹം കാണപ്പെട്ടത്. ശനിയാഴ്ച മുതൽ കാണാതായ ശശിധരനായി അന്വേഷണവും തെരച്ചിലും നടക്കുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.കഴിഞ്ഞ ദിവസം ശശിധരന്‍ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ലോട്ടറിയെടുക്കാൻ വേണ്ടിയാണെന്ന് വ്യക്തമായതിനാല്‍ നല്‍കിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സന്ധ്യയോടെ വീട്ടില്‍ നിന്നും ഇറങ്ങി. തൊട്ടുപിന്നാലെ തന്നെ മൂന്നു പേര്‍ ശശിധരനെ അന്വേഷിച്ച് വീട്ടില്‍ എത്തുകയും പണം നല്‍കാനുണ്ടെന്ന് അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ അയല്‍വാസികളും സിപിഎം പ്രവര്‍ത്തകരുമെത്തി സംഘത്തെ ചോദ്യം ചെയ്‌തു. ശശിധരന്‍ വീട്ടിൽ നിന്നു ഇറങ്ങിപ്പോയതില്‍ സംശയം തോന്നിയ സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, നിധിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കറന്തക്കാട്ടും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. . കല്ലുകെട്ടുതൊഴിലാളിയാണ് ശശിധരന്‍.കുഞ്ഞിക്കണ്ണന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാലിനി. മകന്‍: ജീവന്‍. സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് അന്വേഷണം തുടങ്ങി